ഞങ്ങളെക്കുറിച്ച്

കൃപാസനം

Diocese of Alapuzha, Kalavoor, India (B.115/ERE-13/98-832), Registered under Kerala Goverment (RegNo. A-690/92)

ഈ ദൈവ ശുശ്രൂഷാകേന്ദ്രത്തിന്‍റെ പേര് കൃപാസനം എന്നാണ്. ബൈബിളില്‍ കൃപാസനം എന്നു പറയുന്നത് തിരഞ്ഞെടുക്കപ്പെട്ട ജനത, വാഗ്ദാനനാട് തേടി മരുഭൂമിയിലൂടെ യാത്ര ചെയ്തപ്പോള്‍, അവരുടെ ശക്തിചൈതന്യമായി അവരുടെ മദ്ധ്യത്തില്‍ സഞ്ചരിച്ചിരുന്ന സാക്ഷ്യപേടകത്തിന്‍റെ മേല്‍ത്തട്ടില്‍ സ്ഥാപിക്കപ്പെട്ട ചിറകുവിരിച്ച സ്വര്‍ണ്ണ കെരൂബുകളുടെ മദ്ധ്യത്തിലെ ദൈവസാന്നിദ്ധ്യത്തിന്‍റെ പേരാണ്.

1989-90 കാലയളവില്‍ ഈ ശുശ്രൂഷകള്‍, ആദ്യമായി വെളിപ്പെട്ടപ്പോള്‍, ആദ്യ ദശയില്‍ കൗണ്‍സിലിംഗ് മാത്രമായിരുന്നു നടത്തിയിരുന്നത്. പിന്നെ കൗണ്‍സിലിംഗിന് വന്നവര്‍ക്ക് കര്‍ത്താവ് നല്ല അനുഭവങ്ങള്‍ നല്‍കി. പ്രാര്‍ത്ഥനയ്ക്ക് വരുന്ന ജനം അനുദിനം പെരുകിക്കൊണ്ടിരുന്നു. അതിനാല്‍ ഇപ്രകാരം ജീവിതപ്രശ്നങ്ങള്‍ പറയാനും പ്രാര്‍ത്ഥിക്കാനും വന്നവരെ ഒരുമിച്ചുകൂട്ടി 1990-ല്‍ അത് ഏകദിനധ്യാനം ആക്കി മാറ്റി. പിന്നെ പെട്ടെന്ന് കൂട്ടായ്മ വളര്‍ന്ന് 1991 നവം.27ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ വെച്ച് ഔട്ട്റിച്ച് റിട്രീറ്റ് ആയി അത് വളര്‍ന്നു. ആ കണ്‍വെന്‍ഷനില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. ഒരുമാസം തികയവേ 1991 ഡിസംബര്‍ 21ന് കടലോര കൃപാവരയജ്ഞം എന്ന പേരില്‍ വലിയ തീരദേശ കണ്‍വെന്‍ഷന്‍ ആയി അത് കര്‍ത്താവ് ഉയര്‍ത്തി. തുടര്‍ന്ന് 1991 ഏപ്രില്‍ മാസത്തില്‍ അന്യംനിന്നു പോയ കടലോര സാംസ്ക്കാരികപഴമകളുടെ പുന:രുദ്ധാണ പദ്ധതി കൂടി കര്‍ത്താവ് കൂട്ടി ചേര്‍ത്തതോടെ ഈ ശുശ്രൂഷകള്‍ക്ക് ഒരു മേല്‍വിലാസം കൊടുക്കുന്നതിന്‍റെ ഭാഗമായാണ് കൃപാസനം എന്ന പേര് കര്‍ത്താവ് വെളിപ്പെടുത്തിയതുപോലെ(അതായത് ചിന്തിക്കാതെ ആലോചിക്കാതെ) കര്‍ത്താവ് മനസില്‍ തന്നത്. അതെ കൃപാസനം എന്ന ശുശ്രൂഷയുടെ പേര് കര്‍ത്താവ് തലക്കെട്ട് ഇട്ട് തന്നതായിരുന്നു എന്ന് ഞാന്‍ പലകുറി പൊതുസമൂഹത്തോട് തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. 1991 ഡിസംബറിലാണ് കൃപാസനം എന്ന പേര് ശുശ്രൂഷാ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്. കൃപാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ നയിക്കപ്പെട്ട അനേകം ശുശ്രൂഷകള്‍ എല്ലാം ദൈവാനുഗ്രഹപ്രദമായപ്പോഴാണ് ,കൃപാസനംچ എന്ന ദൈവം തന്ന ആ ദിവ്യനാമത്തിന്‍റെ പൊരുള്‍ അന്വേഷിക്കാന്‍ ഞാന്‍ ആരംഭിച്ചത്. ആ അന്വേഷണം ചെന്നെത്തിയതാകട്ടെ, സാക്ഷാല്‍ മോശയുടെ നേതൃത്വത്തില്‍ വാഗ്ദാന നാട് തേടി മരുഭൂമിയിലൂടെ തങ്ങളുടെ ചരിത്രനിയന്താവായ ദൈവത്തിന്‍റെ സാക്ഷ്യപേടകവും സംവഹിച്ചു കൊണ്ട് ദൈവജനം നടന്ന വിമോചന പോരാട്ട വഴികളുടെ നടുത്തളത്തിലും. (പുറ:25,40, സംഖ്യ:4 അദ്ധ്യായങ്ങള്‍ പരാമര്‍ശ്യം)

വാഗ്ദാന പേടകവും മരിയന്‍ ഉടമ്പടി സമര്‍പ്പണ പ്രാര്‍ത്ഥനയും

പഴയ നിയമത്തില്‍ "ദൈവവചനം" കല്‍പ്പലകകളില്‍ കൊത്തി, വാഗ്ദാന പേടകത്തിനുള്ളില്‍ നിക്ഷേപിച്ചിരുന്ന സ്ഥാനത്ത്, പുതിയ നിയമത്തിലെ വാഗ്ദാന പേടകം പരിശുദ്ധ അമ്മ തന്നെയാണെന്ന് ആര്‍ക്കും മനസിലാകും വിധമാണ് വി.യോഹന്നാന് വെളിപാട് ലഭിച്ചത്. വെളിപാടിന്‍റെ പുസ്തകത്തിലെ ഈ വചനങ്ങള്‍ വായിക്കുമ്പോള്‍ നമുക്കത് മനസിലാകും. "സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്‍റെ ആലയം തുറക്കപ്പെട്ടു. അതില്‍ അവിടുത്തെ വാഗ്ദാനപേടകം കാണായി" (വെളിപാട്:11:19). ആ വാഗ്ദാന പേടകം ആരാണെന്ന് അടുത്ത വചനത്തില്‍ യോഹന്നാന്‍ തന്നെ വെളിപ്പെടുത്തുന്നുമുണ്ട്. "സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ, അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍, ശിരസില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം. അവള്‍ ഗര്‍ഭിണി ആയിരുന്നു" (വെളിപാട്:12:1-2). അവള്‍ ഗര്‍ഭിണിയാണെന്ന് പറയാന്‍ കാരണം പഴയനിയമത്തില്‍ വാഗ്ദാനപേടകത്തിനുള്ളില്‍ ദൈവത്തിന്‍റെ വചനങ്ങള്‍ കല്‍പ്പലകകളിലായിരുന്നല്ലോ ദൈവം നിക്ഷേപിച്ചിരുന്നത.് അതിന്‍റെ സ്ഥാനത്ത് പുതിയ നിയമത്തിലെ വാഗ്ദാന പേടകമായ പരി.അമ്മയുടെ ഉദരത്തില്‍ ജീവനുള്ള ദൈവത്തിന്‍റെ വചനം, കല്‍പ്പലകകളിലല്ല, മാംസത്തില്‍ തന്നെയാണ് ദൈവം നിക്ഷേപിച്ചത് എന്ന് വ്യക്തമാകുന്നതിനാണ്. അതുകൊണ്ടാണ് പുതിയനിയമത്തിലെ വാഗ്ദാന പേടകം പരി.അമ്മയായി വിവക്ഷിക്കപ്പെടുന്നത്. തിരുസഭ ലുത്തിനിയായില്‍ "വാഗ്ദാന പേടകമേ എന്ന്" അമ്മയെ അഭിസംബോധന ചെയ്യുന്നതും അതുകൊണ്ടുതന്നെ.

കൃപാസനം ചരിത്രം

1987 - മരിയന്‍ വര്‍ഷം

'മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥന' ഒരു പ്രത്യേക സാഹചര്യത്തിലാണ് പരിശുദ്ധ അമ്മയിലൂടെ പരിശുദ്ധാത്മാവ് ഉള്‍പ്രേരണ നല്‍കിയത്. 1992ല്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത് (Reg.No.A-690/92) 1998-ല്‍ ആലപ്പുഴ രൂപത ഡിക്രി പ്രകാരം (B.115/ERE-13/98-832) അഭിവന്ദ്യ പീറ്റര്‍.എം.ചേനപ്പറമ്പില്‍ പിതാവ,് എന്‍റെ സ്ഥാപക നേതൃത്വത്തില്‍ സ്ഥാപിച്ച കൃപാസനം എന്ന ഈ ആത്മീയ സാംസ്ക്കാരിക കേന്ദ്രത്തിന്‍റെ ചരിത്രത്തിന,് പ്രധാനമായി 3 ശുശ്രൂഷാ ഘട്ടങ്ങള്‍ ആണ് ഉള്ളത്. അതില്‍ പ്രഥമഘട്ടം എന്ന് പറയുന്നത് 1989-മുതല്‍ 2000വരെയുള്ള കടലോര സുവിശേഷ ശാക്തീകരണ കാലഘട്ടം ആണ്. തീരദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ ആത്മീയ ശാക്തീകരണത്തിനും വിശുദ്ധീകരണത്തിനും വേണ്ടി കടലിലും കരയിലും ഒരുപോലെ ഒരു ദശാബ്ദക്കാലം ശുശ്രൂഷ നടത്തിയ കൃപാസനം തിരുവചന കൃപാവരകാലഘട്ടം. വി.ജോണ്‍പോള്‍ മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശപ്രകാരം തിരുസഭയുടെ സുവിശേഷപ്രഘോഷണ ദശകത്തിന്‍റെ ഭാഗമായി നടന്ന ഇവാഞ്ചലൈസേഷന്‍ 2000ത്തിന്‍റെ മിഷന്‍ ആയ ഈശോയെ അറിയാത്തവരെ അറിയിക്കുവാനും, അറിഞ്ഞവരെ ആഴപ്പെടുത്തുവാനുമായിരുന്നു, പ്രസ്തുത സുവിശേഷപ്രഘോഷണ പദ്ധതി ആരംഭിച്ചത്. ഈ ആത്മീയ നവോത്ഥാന പദ്ധതി ശരിക്കും പറഞ്ഞാല്‍ 1986 ഒക്ടോബറില്‍ ആണ് പ്രാഥമികമായി ആരംഭിച്ചത്. 1990-മുതല്‍ 2000 വരെ നീണ്ടുനിന്നിരുന്ന സുവിശേഷ പ്രഘോഷണ ദശകത്തിന്‍റെ ആത്മീയ ഒരുക്കത്തിനായി 1987 വര്‍ഷം ജോണ്‍ പോള്‍ മാര്‍പ്പാപ്പ 'മരിയന്‍ ഇയര്‍' ആയി പ്രഖ്യാപിച്ചു. څമരിയന്‍ ഇയര്‍چ സുവിശേഷപ്രഘോഷണദശക പ്രവര്‍ത്തനങ്ങളുടെ സഹായി ആയ മദ്ധ്യസ്ഥ പ്രാര്‍ത്ഥന പദ്ധതി ആയിരുന്നു. ഇന്നു നമ്മള്‍ ഒക്ടോബര്‍ മാസങ്ങളില്‍ കുടുംബയൂണിറ്റ് അടിസ്ഥാനത്തില്‍ നടത്തിവരുന്ന മാതാവിന്‍റെ തിരുസ്വരൂപം എഴുന്നുള്ളിക്കലും ജപമാലയും മരിയന്‍ ഇയറിന്‍റെ ഭാഗമായി സഭയില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ അന്ന് രൂപപ്പെട്ടുവന്നതാണ്. മരിയന്‍ ഇയര്‍ പ്രമാണിച്ച് എന്‍റെ രൂപതയിലും കൊച്ചിമുതല്‍ ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രല്‍ വരെ മരിയന്‍ തിരുസ്വരൂപ വാഹന പ്രദക്ഷിണം നടന്നു. അലങ്കരിച്ച വാഹനത്തില്‍ അന്നത്തെ കെ. സി. വൈ. എം. ഡയറക്ടര്‍ ഫാ.നെല്‍സണ്‍ തൈപ്പറമ്പിലിന്‍റെ നേതൃത്വത്തില്‍ കൊച്ചി വെളിപള്ളിയില്‍ നിന്നാരംഭിച്ച മരിയന്‍ ഘോഷയാത്രയെ എന്‍റെ ഇടവകയായ കാട്ടൂര്‍ പള്ളിയില്‍ സ്വീകരിച്ചു. പരിശുദ്ധ അമ്മയുടെ സ്വീകരണം ഗംഭീരമാക്കാന്‍ ഇടവകയ്ക്കുള്ളിലുള്ള ആയിരത്തി ഇരുനൂറ് കുടുംബങ്ങളിലും അന്ന് ഞാന്‍ വ്യക്തിപരമായി കയറിയിറങ്ങി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. 1987 ആഗസ്റ്റ് 11ന് രാത്രി അമ്മയുടെ തിരുസ്വരൂപം ഇടവക അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ ഏകദേശം 7000 ഇടവക ജനങ്ങളാണ് കത്തിച്ച മെഴുകുതിരികളുമായി പരിശുദ്ധ അമ്മയെ എതിരേറ്റത്. രാത്രി മുഴുവന്‍ പള്ളിയില്‍ ജപമാല പ്രാര്‍ത്ഥന. രാവിലെ അമ്മയുടെ തിരുസ്വരൂപം അതേ ആഘോഷത്തില്‍ ഓമനപ്പുഴ സെന്‍റ്.സേവ്യേഴ്സ് പള്ളിയില്‍ കൊണ്ടുപോയി ആക്കി.